കൊഴിഞ്ഞാമ്പാറ :∙ നിലം പാട്ടത്തിനെടുത്തു വെണ്ട കൃഷി ചെയ്ത കർഷകൻ വില കിട്ടാതെ ഒരേക്കറിലെ വിള ഉഴുതുമറിച്ചു. വെള്ളാരംകൽമേട് മേനോൻകളം വി.എസ്.സുന്ദരനാണു (68) വിള നശിപ്പിച്ചു നെൽക്കൃഷിക്ക് ഒരുങ്ങുന്നത്. സുന്ദരനും ഭാര്യ സരോജിനിയും മണൽത്തോട് ഒറ്റക്കടയിൽ 5 വർഷത്തോളമായി നിലം പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയാണ്. സാധാരണ വെണ്ട 35 മുതൽ 45 തവണ വരെ വിളവെടുക്കാറുണ്ട്.
പത്താമത്തെ വിളവെടുപ്പാകുമ്പോഴേക്കും 250 കിലോ വരെ ലഭിച്ചുതുടങ്ങും. ഇപ്പോൾ 3 തവണ മാത്രമാണു വിളവെടുത്തത്. 100 കിലോഗ്രാമിൽ താഴെ വെണ്ടക്ക കൊഴിഞ്ഞാമ്പാറ വിപണിയിലെത്തിച്ചപ്പോൾ 4 രൂപ നിരക്കിൽ 400 രൂപയാണു ലഭിച്ചതത്രേ. വിളവെടുപ്പിന് 2 തൊഴിലാളികൾക്കു കൂലിയായി 460 രൂപ കൊടുക്കേണ്ടിവന്നു. ഇതിനു പുറമേ പാട്ടത്തുകയും കൃഷിയിറക്കാനുള്ള ചെലവുമടക്കം 30,000 രൂപയോളം മുതൽമുടക്കുണ്ടെന്നു സുന്ദരൻ പറയുന്നു.
കൃഷി ചെയ്ത നിലത്തിന് ഒരു കിലോമീറ്റർ പരിധിയിലെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ കിലോഗ്രാമിന് 30 രൂപയാണു വില. സമീപത്തു വാഴ കൃഷി ചെയ്തയാൾക്കു വിളവിന്റെ സംഭരണവിലയായ ഒരു ലക്ഷത്തോളം രൂപ ഹോർട്ടികോർപ് കുടിശ്ശിയാക്കിയതിനാലാണ് അവർക്കു നൽകാത്തതെന്നു കർഷകൻ പറഞ്ഞു. നെൽക്കൃഷി ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം. അതിനുള്ള ഞാറു വില പറഞ്ഞുറപ്പിച്ചിട്ടുണ്ടെന്നും വെണ്ടച്ചെടികൾ പച്ചിലവളമാകുമെന്നും സുന്ദരൻ പറയുന്നു.