പാലക്കാട് : നഗരത്തിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സുൽത്താൻപേട്ട സിഗ്നലിൽ ഗതാഗതക്കുരുക്കിന്റെ പേരിൽ ആംബുലൻസിന് ഇനി കാത്തുകിടക്കേണ്ടിവരില്ല. ജങ്ഷനിലെ തിരക്ക് കുറയ്ക്കാൻ കോട്ടമൈതാനം റോഡിലും ബാരിക്കേഡ് സ്ഥാപിച്ചു. ഇതോടെ, ആംബുലൻസ് സിഗ്നൽ തിരക്കിൽപ്പെടുമെന്ന ആശങ്കയൊഴിഞ്ഞു.
സുൽത്താൻപേട്ട ജംഗ്ഷനിലൂടെ പോകുന്ന വാഹനങ്ങൾ റോഡ് മുഴുവൻ അടഞ്ഞുകിടക്കുന്നനിലയിലാണ് സിഗ്നൽ കാത്തുനിൽക്കുന്നത്. ഇതിനുപിന്നിലെത്തുന്ന വാഹനങ്ങളും തൊട്ടുപിറകിലായി നിർത്തിയിടുന്നതിനാൽ പെട്ടെന്നുതന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ആംബുലൻസുകളുടെ ഓട്ടവും കാര്യമായി ഉണ്ടാവുന്നുണ്ട്. പലസമയങ്ങളിലും ആംബുലൻസുകളും ഈ കുരുക്കിൽപ്പെട്ട് വലയുന്നുണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ബാരിക്കേഡുവെച്ച് വഴി തയ്യാറാക്കിയത്.