വിളമ്പുകണ്ടം : ആഡംബര വസ്തുക്കൾക്ക് പകരം ജന്മദിനത്തിലും മത്സര വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന ശീലത്തിലേക്ക് സമൂഹം വളരണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായിൽ പ്രസ്താവിച്ചു. ജില്ലാ പഞ്ചായത്ത് അക്ഷരപുരപദ്ധതിയിൽ ഉൾപ്പെടുത്തി വിളമ്പുകണ്ടം ഇ.പി.കുട്ടി ശങ്കരൻ സ്മാരക വായനശാലക്ക് അനുവദിച്ച അരലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണ്ണിച്ചറുകളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പാസ്പോർട്ടോ എസ് കോർട്ടോ പകർച്ചവ്യാധിയുടെ ഭയമോ ഇല്ലാതെ ലോകം മുഴുവനും സഞ്ചരിക്കാൻ യാത്രവിവരണ ഗ്രന്ഥങ്ങളിലൂടെ വായനക്കാരന് സാധ്യമാവും. മൺമറഞ്ഞ മഹാൻമാരുടെ ചിന്തകളെ കുറിച്ചും വിവിധ സംസ്കാരങ്ങളുടെ ഉയർച്ച താഴ്ച്ചകളെ കുറിച്ചും അറിയാനുള്ള മാർഗ്ഗം വായനയാണ്. വിവിധ മതവിശ്വാസം വെച്ചു പുലർത്തുന്നവരും ഈശ്വരനിഷേധികളും രാഷ്ട്രീയമായി പല ചേരികളിൽ നിലയുറപ്പിച്ചവരും ഒന്നിച്ചിരിച്ചിരിക്കുന്ന മതേതരഇടങ്ങളാണ് വായനശാലകൾ.തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ വായനശാലകളെ പരിപോഷിപ്പിക്കുന്നത് ധാർമിക ബാധ്യതയായി കാണണമെന്നും ഇസ്മായിൽ പറഞ്ഞു.പ്രസിഡണ്ട് പി.എസ്. ദീപക് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സദാനന്ദൻ മാസ്റ്റർ വായനാ പക്ഷാചരണം വിശദീകരിച്ചു. എ.ബി.സുനിൽ .എം.പി.ജിമേഷ്.പി.എസ്. ദീരജ്.വർഗ്ഗീസ് കോറോത്ത്.കെ.എം.ഷമീർ സംസാരിച്ചു.
