കൽപറ്റ : വയനാട്ടില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നുമെത്തി സര്‍ക്കാര്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന ചുണ്ടേല്‍ സ്വദേശിയായ 43 കാരന്, ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നുമെത്തി ചുള്ളിയോടുള്ള സര്‍ക്കാര്‍ ക്വാറന്റയിന്‍ സെന്ററില്‍ കഴിഞ്ഞു വരുന്ന തമിഴ്നാട് കയ്യൂന്നി സ്വദേശിയായ 34 കാരന്, ജൂണ്‍ 04 ന് മഹാരാഷട്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കോഴിക്കോടെത്തി പീന്നീട് വൈത്തിരിയില്‍ സര്‍ക്കാര്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന മാനന്തവാടിയിലെ ഒരു സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയും, നിലവില്‍ മഹാരാഷട്രയില്‍ ഉപരിപഠനം നടത്തി വരുന്നതുമായ ഗൂഡല്ലൂര്‍ സ്വദേശിയായ 27 കാരന് എന്നിവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്കാര്‍ക്കും തന്നെ മറ്റ് സമ്പര്ക്കങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി. രോഗമുക്തി നേടിയവര്‍ 40 പേരാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 240 പേര് കൂടി നിരീക്ഷണത്തിലായതോടെ വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ആകെ 3620 പേരായി. ഇതില്‍ 29 പേര് ജില്ലാ ആശുപത്രിയിലും 1524 പേര് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണുളളത്.അതേസമയം ഇന്ന് 41 പേര് കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.ജില്ലയില്‍ നിന്നും 2632 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2179 ആളുകളുടെ ഫലം ലഭിച്ചു. 2139 എണ്ണം നെഗറ്റീവാണ്. 448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപന പരിശോധനയുടെ ഭാഗമായി ഇതുവരെ 3557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഫലം ലഭിച്ച 2894 ല്‍ 2877 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 229 പേര്‍ക്ക് കൗണ്‍സിലിംഗ് നല്കി.