പാലക്കാട് : നോവലുകളിൽ മാത്രം വായിച്ചു പരിചയിച്ച ആടു ജീവിതങ്ങൾ നമ്മുടെ തൊട്ടടുത്തും ഉണ്ടെന്ന് അറിയുമ്പോൾ
നാം പടുത്തുയർത്തിയ സാക്ഷരതയും സാങ്കേതിക വളർച്ചയും തനിയെ തകർന്നുവീഴും. സ്വന്തം കൂടപ്പിറപ്പുകളാൽ അവഗണനയും പിടിച്ചുപറിയും ഏറ്റുവാങ്ങേണ്ടിവന്ന ഒരു നിസ്സഹായ വയോധികന്റെ ജീവിത കഥയാണ് പറയുന്നത്. തൃത്താല
മേഴത്തൂർ കിഴക്കേ കോടനാട് ഓട്ടിരി പള്ളിയാലിൽ 93 വയസ്സ് പ്രായമായ കോത ഒരു വർഷമായി ആട്ടിൻകൂട്ടിലാണ് കഴിഞ്ഞിരുന്നത്. മക്കൾ ഇല്ലാത്ത കോതയുടെ ഭാര്യ മരിച്ച ശേഷമാണ് ആടുജീവിതം തുടങ്ങിയത്. തൊട്ടടുത്തുള്ള അനുജൻ്റെ കുടുംബമാണ് കോതയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്നത്.
വാർധക്യ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും തുക കോതക്ക് ലഭിച്ചിരുന്നില്ലെന്നും പറയപ്പെടുന്നുണ്ട്. കോതയുടെ പഴയ വീട് ഇപ്പോൾ ഇവർ ആടിനെ കെട്ടാനും മറ്റുമായി ഉപയോഗിച്ചു വരികയാണ്. ഇവിടെയാണ് ആടുകൾക്കൊപ്പം കോതയെയും കിടത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു. വളരെ കഷ്ടിച്ച് ഇഴഞ്ഞു വല്ലപ്പോഴും പുറത്തിറങ്ങും ആ സമയം കാണുന്നവർ ഭക്ഷണമായി വല്ലതും നൽകിയാൽ അതായി. വയോധികൻ്റെ ദു:സ്ഥിതി അറിഞ്ഞ് തിങ്കളാഴ്ച രാവിലെ തൃത്താല ഗവ.ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്മനാഭന്റെ നേതൃത്വത്തിൽ ജീവനക്കാർ എത്തിയെങ്കിലും കോതയെ കാണാൻ ബന്ധുക്കൾ അനുവദിച്ചില്ല.
ഉച്ചയോടെ സാമൂഹ്യനീതി വകുപ്പ് ജീവനക്കാരും, ആരോഗ്യവകുപ്പ് അധികൃതരും, തൃത്താല ജനമൈത്രി പോലീസും കോതയുടെ വീട്ടിൽ എത്തുകയായിരുന്നു. ജീവിതസായാഹ്നത്തിൽ നരകതുല്യമായ നിമിഷങ്ങൾ എണ്ണി നീക്കുന്ന കോതയെ അവർ
കൂറ്റനാട് പ്രതീക്ഷ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി.
ഹെൽത്ത് ഇൻസ്പെക്ടർ പത്മനാഭൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുനിത, ജനമൈത്രി ബീറ്റ് ഓഫിസർ ഷമീർ അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോതയെ മോചിപ്പിച്ചത്.ഒരിക്കലും പ്രതീക്ഷിക്കാത്ത സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് തന്നെ കൊണ്ടുപോകുമ്പോൾ സന്തോഷക്കണ്ണീർ പൊഴിച്ച് കൂപ്പുകൈകളോടെയാണ് കോത തൻ്റെ കൂട് വിട്ടിറങ്ങിയത്.