കൊട്ടാരക്കര : കേരള ഹൗസിംഗ് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിച്ച കേസിലെ പ്രതിയും കേരള ഹൗസിംഗ് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ കൊട്ടാരക്കര പുലമൺ ബ്രാഞ്ച് മാനേജരായിരുന്ന അടൂർ, മുല്ലശ്ശേരിയിൽ വീട്ടിൽ ഗോവിന്ദപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായരെ (56) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പുലമൺ ജംഗ്ഷനിലെ ഓഫീസ് മുഖേന അമിത പലിശ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോ മുതലോ നൽകാതെ സ്ഥാപനം പൂട്ടി കടന്നു കളയുകയായിരുന്നു. പുത്തൂർ സ്വദേശിനി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റുണ്ടായത്. കേരളത്തിൽ ഉടനീളം 26 ബ്രാഞ്ചുകൾ പ്രവർത്തിപ്പിച്ച് സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്നതായും അറിയുന്നു. കേരളത്തിലുട നീളം 67 കേസുകൾ ഈ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സി.ഐ. പ്രശാന്ത്, എസ്.ഐ. മാരായ രാജൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
