പാലക്കാട് : പൊതുവിദ്യാഭ്യാസവകുപ്പ് നൽകുന്ന പാഠപുസ്തകങ്ങൾ വിതരണംചെയ്യുന്ന പുസ്തകവണ്ടി പദ്ധതിയുമായി ഇരുമ്പകശ്ശേരി യു.പി. സ്കൂൾ. ഓൺലൈൻ ക്ലാസുകൾക്ക് പാഠപുസ്തകങ്ങൾ അത്യാവശ്യമായ സാഹചര്യത്തിലാണ് വിദ്യാലയം പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. സ്കൂൾ ബസ്സുകളിൽ അധ്യാപകരും പി.ടി.എ.യും ചേർന്നാണ് കുട്ടികളുടെ വീടുകളിലേക്ക് പുസ്തകം എത്തിക്കുന്നത്.

എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പുസ്തകവണ്ടിയുടെ യാത്ര. ഓരോ ദിവസവും ഓരോ പ്രദേശങ്ങളിലായിരിക്കും വണ്ടി എത്തുന്നത്. നവമാധ്യമങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് വിവരങ്ങൾ കൈമാറിയാണ് പുസ്തകങ്ങൾ നൽകുന്നത്.
അധ്യാപകരായ ലാൽ, സിയാദ്, പി.ടി.എ. പ്രതിനിധി താഹിർ, മനാഫ്, ചന്ദ്രൻ, റസാഖ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകവണ്ടിപദ്ധതി നടത്തുന്നത്.