മുംബൈ : മഹാരാഷ്ട്രയിൽ മൂന്നാമതൊരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എൻ.സി.പി നേതാവും മന്ത്രിയുമായ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാബിനറ്റ് മന്ത്രിയുടെ ആറു സ്റ്റാഫ് മെമ്പർമാർക്കും വ്യാഴാഴ്ച രാത്രിയോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ഡ്രൈവർമാരും പാചകക്കാരനും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
നേരത്തേ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുൻമുഖ്യമന്ത്രിയുമായ അശോക് ചവാനും ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അശോക് ചവാൻെറ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ആവാദ് രോഗമുക്തി നേടി വീട്ടിലെത്തി.
അതേസമയം, മഹാരാഷ്ട്രയിൽ വ്യാഴാഴ്ച പുതുതായി 3,607 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 152 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ആരോഗ്യവിഭാഗത്തിൻെറ കണക്കുപ്രകാരം സംസ്ഥാനത്ത് 97,648 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 46,078 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.