ഡൽഹി : സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന അറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക് ഡൗണ്‍ സമയത്ത് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളില്‍ നിന്നും റെയില്‍വേ യാത്രാനിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
100 കോടി മുടക്കി ട്രംപിനെ സ്വീകരിച്ച സര്‍ക്കാരിന് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ കഴിയില്ലേ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ ചോദ്യം. അതുപോലെ പിഎം കെയറിന് റെയില്‍വേ 151 കോടിയാണ് സംഭാവന നല്‍കിയതെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇവരില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.
ഈ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആവശ്യക്കാരായ മുഴുവന്‍ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശത്തെ കോണ്‍ഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ് വഹിക്കുക.