കൊച്ചി : അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് നിന്ന് ഇന്ന് കൂടുതൽ ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും. ഭുവനേശ്വർ, പട്ന എന്നിവിടങ്ങളിലെക്ക് എറണാകുളം ആലുവ സ്റ്റേഷനുകളിൽ നിന്നാണ് ട്രെയിൻ. തിരുവനന്തപുരത്ത് നിന്നും ട്രെയിനുണ്ടാകും.
കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ഇന്നലെ പുറപ്പെട്ടിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം.
തൊഴിലാളികളെ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദേശമുണ്ട്. ഇതനുസരിച്ച് ജില്ലകളിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെ കൊണ്ടുപോവുക.