തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ നാളെ മുതൽ മാസ്ക് നിർബന്ധമാക്കും. മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് വൻ പിഴ ഈടാക്കാൻ നിർദേശിച്ച് ഡി.ജി.പി ഉത്തരവിറക്കും. വയനാട്ടിൽ 5000 രൂപ വരെ പിഴ ഈടാക്കാൻ നടപടി തുടങ്ങി.
വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നവരെല്ലാവരും മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറച്ചിരിക്കണം. ഇളവുകൾ ഉള്ളയിടത്തും ഹോട് സ്പോട്ടുകളിലുമെല്ലാം ഒരു പോലെ നിർബന്ധമാക്കാനാണ് പൊലീസ് തീരുമാനം. തിരുവന്തപുരം ഉൾപെടെ ചിലയിടങ്ങളിൽ കേസെടുത്ത് തുടങ്ങിയെങ്കിലും നിയമന ടപടിൽ വ്യക്തത വന്നിരുന്നില്ല. അതിനാൽ നാളെ മുതൽ പരിശോധനയും പിഴയും സംസ്ഥാന വ്യാപകമാക്കി ഡി.ജി.പി ഉത്തരവിറക്കും. എത് നിയമപ്രകാരം എത്ര രുപ വരെ പിഴയെന്നത് നിയമോപദേശം തേടിയ ശേഷമാവും ഉത്തരവ്. എന്നാൽ വയനാട്ടിൽ അയ്യായിരം രൂപ പിഴ ഈടാക്കാൻ ജില്ല പൊലീസ് മേധാവി നിർദേശിച്ചു.
കേരള പൊലീസ് ആക്ടിലെ 118 ഇ പ്രകാരം പൊതുജനങ്ങൾക്ക് അറിഞ്ഞു കൊണ്ട് അപകടമുണ്ടാക്കുന്ന കുറ്റത്തിന് 5000 രൂപ പിഴ ഈടാക്കാൻ എസ് പി ക്കുള്ള അധികാരം ഉപയോഗിച്ചാണിത്. ഇതേ പിഴയായിരിക്കും സംസ്ഥാന വ്യാപകമാക്കുക.