കൊച്ചി : വിവാദമായ സ്പ്രിംക്ലർ കരാറിൽ സർക്കാരിന് താത്കാലികാശ്വാസം. കർശന ഉപാധികളോടെ കരാർ തുടരാൻ സർക്കാരിന് അനുമതി നൽകുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്യപ്പട്ടതുമായ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനു ശേഷമേ സ്പ്രിംക്ളറിനു കൈമാറാന്‍ പാടുള്ളൂ എന്ന് ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പ്രിംക്ളര്‍ കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തികളെ അറിയിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഈ ഡേറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു. വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായിരിക്കണം ഡേറ്റ സ്പ്രിംക്ലറിന് കൈമാറേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഡേറ്റകളുടെ രഹസ്യാത്മകത വെളിപ്പെടുത്തുന്നതില്‍ സ്പ്രിംക്ളറിനു കടിഞ്ഞാണിടുന്നതാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. ഹര്‍ജിക്കാരുടെ ആരോപണങ്ങളെ കുറിച്ച് അസന്ദിഗ്ദ്ധമായി എന്തെങ്കിലും പറയാന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. സ്പ്രിക്ളര്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡേറ്റയുടെ രഹസ്യസ്വഭാവത്തില്‍ ലംഘനം ഉണ്ടാവാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഡേറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്ന് സ്പ്രിംക്ളറിനു കര്‍ശനമായ നിര്‍ദേശം ഹൈക്കോടിതി നല്കി. കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നമോ സ്പ്രിംക്ളര്‍ ഒരു കാരണവശാലും പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. കരാർ കാലാവധിക്ക് ശേഷം എല്ലാ ഡേറ്റയും സർക്കാരിന് തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നുവെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തിലിതമായ ഒരു ഇടപെടല്‍ മാത്രമെ നടത്താനാകു എന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ പല നടപടികളോടും യോജിപ്പില്ല. സാധാരണ ഗതിയില്‍ കോടതി ഇടപെടുമായിരുന്നു. എന്നാല്‍ കോവിഡിനെതിരെ യുദ്ധം നടക്കുമ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. സ്പ്രിംക്ലറിനെ കൂടാതെ സര്‍ക്കാരിനെ കോവിഡ് പ്രതിരോധം സാധ്യമല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല. എന്നാല്‍ വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രഹസ്യമായി സൂക്ഷിക്കണം. ആധാര്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ വിശകലനത്തിന് ഉപയോഗിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ്-19 ന് ശേഷം ഡേറ്റാ പകര്‍ച്ചവ്യാധി ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ വിവരങ്ങളും രഹസ്യമാക്കിവെക്കാമെന്ന് സർക്കാര്‍ കോടതിയില്‍ ഉറപ്പ് നല്കി.
വിഷയത്തില്‍ മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കാലാണ് രാവിലേയും ഉച്ചയ്ക്ക് ശേഷവുമായി കോടതിയില്‍ നടത്തിയത്.
സ്പ്രിംക്ലറിന് എതിരെ ഇന്ത്യന്‍ കോടതിയില്‍ കേസ് നടത്താന്‍ കഴിയുമെന്നും ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ച സര്‍ക്കാര്‍ സ്പ്രിംക്ലറിനെ തിരഞ്ഞെടുത്തത് സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം നല്‍കാമെന്നും ഡേറ്റ എന്തിന് ഉപയോഗിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ബാധിപ്പിച്ചു. സ്പ്രിംക്ലര്‍ മാത്രമാണ് വിദേശത്ത് നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്തത്. ഏപ്രില്‍ രണ്ടിന് ഒപ്പുവച്ചത് സ്പ്രിംക്ലറിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനുള്ള കരാറാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം വിവരങ്ങള്‍ ശേഖരിക്കുന്നതിന് തെളിവുണ്ടോയെന്ന് ഹര്‍ജിക്കാരനോട് കോടതി ഈ ഘട്ടത്തില്‍ ചോദിച്ചു. നിര്‍ബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി പരാതി കിട്ടിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്പ്രിംക്ലറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിംക്ലറിനെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, സ്പ്രിംക്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കോവിഡിന് മുമ്പ് സ്പ്രിംക്ലറുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യന്‍ ടെക്നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല,. എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്പ്രിംക്ലറിന്റെ വിശ്വാസ്യതയെ കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കോവിഡിന് മുന്‍പെ സ്പ്രിംക്ലറുമായി ചര്‍ച്ചനടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. സ്പ്രിംക്ലറുമായി ചര്‍ച്ചനടത്തി 18 ദിവസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. എന്നിട്ട് എന്തുകൊണ്ട് മറ്റു കമ്പനികളെ അന്വേഷിച്ചില്ല. ഡേറ്റ ചോര്‍ച്ചയുടെ പേരില്‍ അമേരിക്കയില്‍ കേസ് നടത്താന്‍ പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന. സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിനപ്പുറമാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുക ലക്ഷ്യമല്ല-കോടതി പറഞ്ഞു. വ്യക്തികള്‍ വിവരം നല്‍കുന്നത് സര്‍ക്കാര്‍ സൂക്ഷിക്കുമെന്ന വിശ്വാസത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡേറ്റ സുരക്ഷയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പറയാന്‍ കഴിയില്ലെന്നും ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ടെന്നും പറഞ്ഞു.
സ്പ്രിംക്ലര്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്കിയതും കേരളത്തിന് നല്കിയതും രണ്ട് സോഫ്റ്റ് വെയറാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതു രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. നിയമവകുപ്പ് കാണാതെ ഐടി സെക്രട്ടറി സ്വന്തം നിലയില്‍ എന്തുകൊണ്ട് തീരുമാനം എടുത്തുവെന്ന് ചോദിച്ച കോടതി ഇപ്പോള്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം പരിഗണിച്ച് വിദേശ കമ്പനിയുടെ ആവശ്യമുണ്ടോയെന്നും ചോദിച്ചു. കാര്യങ്ങള്‍ മൂടിവെച്ച് പറയരുതെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ഈ ഘട്ടത്തില്‍ പറഞ്ഞു. ഡാറ്റ ശേഖരണത്തിന് എന്തുകൊണ്ട് കേന്ദ്ര സംസ്ഥാന സംവിധാനങ്ങള്‍ ഉപയോഗിച്ചില്ല. ഡാറ്റ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചചെയ്തിട്ടുണ്ടോ. കരാറില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സര്‍ക്കാരാണ് ഉത്തരവാദി എന്നീ കാര്യങ്ങളും കോടതി ചോദിച്ചു. കരാറില്‍ തിരുത്തല്‍ വരുത്താമെന്ന് ഐടി സെക്രട്ടറി പറഞ്ഞത് എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചു.
സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ നാല് വരെ ഡേറ്റ ചോര്‍ന്നില്ല എന്ന് പറയാനാകുമോ. കരാറില്‍ ന്യൂയോര്‍ക്ക് കോടതി എന്ന് പറഞ്ഞിട്ട് ഇവിടെ എങ്ങനെ കേസ് നടത്തും. സ്പ്രിംക്ലറിന് വേണ്ടിയാണോ അതോ സര്‍ക്കാരിനും സ്പ്രിംക്ലറിനും വേണ്ടിയാണോ കേസ് വാദിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകയോട് കോടതി ചോദിച്ചു. സ്പ്രിംക്ലറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ. അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ എങ്ങനെ ബിഗ് ഡാറ്റയാകുമെന്നും കോടതി ചോദിച്ചു.
സ്പ്രിംക്ലര്‍ സൗജന്യ സേവനം നല്കാന് തയ്യാറായിരുന്നു. അടിയന്തര സാഹചര്യം കാരണമായിരുന്നു അത് വേണ്ടിവന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡേറ്റ ശേഖരം അനിവാര്യമായിരുന്നുവെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുംബൈയില്‍ നിന്നുള്ള അഭിഭാഷക എന്‍.എസ് നാപ്പിനൈ വാദിച്ചു.
വിവരശേഖരണത്തിന് കേന്ദ്രം തയ്യാറാണെും എന്നാല്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
വിവരങ്ങള്‍ സ്പ്രിംക്ളറിന് കൈമാറിയതില്‍ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്, ആലുവ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് എന്നിവര്‍ പിന്നീട് കക്ഷി ചേര്‍ന്നു.
ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കോവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കോവിഡ്19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്പ്രിംക്ലര്‍. മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തയതിന് പിന്നാലെയാണ് വിഷയം കോടതി കയറിയത്.