തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാനാവില്ലെന്നും രാജ്യത്തിനകത്തുള്ള ഒരു സെര്‍വറിലാണ് ഈ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കാനിരിക്കെ അതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടുമെന്നാണ് സൂചന.
അതേസമയം, സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സ്വകാര്യത ഉറപ്പു വരുത്തിയിട്ടുണ്ടോ, ഡേറ്റ സുരക്ഷിതമാണോ, സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേ, രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിയില്ലേ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.