ബാംഗ്ലൂർ : കോവിഡ് 19 ലോക്ഡൗണിനിടയിൽ കർണാടകയിൽ ‘മെഗാ കല്യാണം’. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ ചെറുമകനും കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയുടെയും മുൻ കോൺഗ്രസ് മന്ത്രി എം. കൃഷ്ണപ്പയുടെ ചെറുമകൾ രേവതിയുടെയും വിവാഹമാണ് ബെംഗളൂരുവിൽ നടന്നത്. കോവിഡിനെ തുടർന്ന് ഫാം ഹൗസിൽ വച്ചാണ് വിവാഹം നടത്തിയത്. രണ്ടു രാഷ്ട്രീയ കുടുംബങ്ങൾ മാത്രം ഉൾപ്പെടുന്ന വിവാഹ ചടങ്ങിൽ അതിഥികളില്ലെങ്കിലും പാരമ്പര്യ പ്രകാരമായിരുന്നു.
നടൻ കൂടിയായ നിഖിൽ കഴിഞ്ഞ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുമാരസ്വാമിയുടെ നിയമസഭാ മണ്ഡലമായ രാമനഗരയിൽ നേരത്തെ വലിയ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ബിദാദിയിലെ ഫാം ഹൗസിലേക്ക് വേദി മാറ്റിയതായി കുമാരസ്വാമി പ്രവർത്തകർക്ക് വിഡിയോ സന്ദേശം നൽകി. പരിപാടി വീട്ടിൽ സംഘടിപ്പിച്ചാൽ സാമൂഹിക അകലം പാലിക്കുക പ്രയാസമാണെന്നും, വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ പ്രവർത്തകരോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുടുംബ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷമാണ് വിവാഹവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തിൽ കുടുംബത്തിലെ 60– 70 വരെ ആളുകൾ മാത്രമേ പങ്കെടുക്കൂവെന്നും, പിന്നീട് വലിയ ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹസമയത്ത് മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മുൻ മുഖ്യമന്ത്രിക്കെതിരെ രണ്ടാമതൊന്ന് ആലോചിക്കാതെ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ വിവാഹത്തിന്റെ ചിത്രങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങളായ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവ കാണാനില്ല. കർണാടകയിൽ ഇതുവരെ 13 മരണം ഉൾപ്പെടെ 315 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.