ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കോവിഡ് മരണങ്ങൾ കൂടി. ഇതോടെ ആകെ മരണസംഖ്യ 377 ആയി. മേഘാലയയിൽ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആദ്യ മരണമാണിത്. കഴിഞ്ഞ ദിവസം 1076 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11, 439 ആയി. ഇതിൽ 9756 പേരാണ് ചികിത്സയിലുള്ളത്. 1,306 പേരുടെ രോഗം ഭേദമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കുടൂതൽ രോഗികൾ. 2687 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 178 പേർ മരിച്ചു. ഡൽഹി, തമിഴ്നാട് എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. യഥാക്രമം 1561, 1204 രോഗികളാണ് ഇവിടെയുള്ളത്. കേരളത്തിൽ 387 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 211 പേരും രോഗമുക്തരായി. ഇന്നലെ എട്ട് പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർ രോഗമുക്തി നേടി.
രാജ്യത്തു കോവിഡ് ഭീതി തുടരുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ മേയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട ലോക്ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഇന്നു പുറത്തിറക്കും. ഏപ്രില്‍ 20വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്. രോഗവ്യാപനം പിടിച്ചു നിര്‍ത്തിയ മേഖലകളില്‍ തുടര്‍ന്ന് ഉപാധികളോടെ ഇളവ് അനുവദിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മാര്ഗനിര്ദേശത്തിന് അനുസരിച്ചാകും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കുക.