അബൂദബി:ഇന്ത്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നല്കുമെന്ന വാർത്തകൾ നിഷേധിച്ച് യുഎഇ. 23 ലക്ഷം രൂപ നൽകിയാൽ ഇന്ത്യക്കാർക്ക് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വിസ നേടാം എന്നവിധം മലയാളത്തിലെയടക്കം പ്രമുഖ മാധ്യമങ്ങൾ കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചില മാധ്യമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമടക്കമാണ് ഈ വാർത്ത പ്രചരിപ്പിച്ചത്.
അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രത്യക്ഷപ്പെട്ട ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി.
വിദേശത്ത് പ്രവർത്തിക്കുന്ന കൺസൾട്ടിങ് ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചാരണം. ഇതിലെ വിവരങ്ങൾ വസ്തുതതാ വിരുദ്ധമാണ്. ഏവർക്കും എളുപ്പത്തിൽ ലഭിക്കുന്നതല്ല യുഎഇ ഗോൾഡൻ വിസ. യുഎഇക്കകത്തെ ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമേ ഇതിന് അപേക്ഷ സ്വീകരിക്കൂ.