വാഷിങ്ടണ്‍: ഗസ്സയിലെ വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ കരാറിലെ അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി പറഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിത ചർച്ചകൾ നടക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ‘ഷെഡ്യൂളിലില്ലാത്ത’ കൂടിക്കാഴ്ച. ഇത് ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു.ഗസ്സയില്‍ ഇസ്രായേൽ സൈന്യം കുറഞ്ഞത് 95 പലസ്തീനികളെ കൊന്നൊടുക്കിയതിനു ശേഷമാണ് രണ്ടാമതും കൂടിക്കാഴ്ച.
ജനുവരി 20 ന് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം മൂന്നാം തവണയാണ് നെതന്യാഹു അദ്ദേഹത്തെ കാണാനും ചര്‍ച്ചക്കുമായി വൈറ്റ് ഹൗസിലെത്തുന്നത്. തിങ്കളാഴച് ആദ്യം നടന്ന കൂടിക്കാഴ്ചയുടെ അത്താഴവിരുന്നിനിടെ ഇരുവരും മണിക്കൂറുകളോളമാണ് സംസാരിച്ചത്. ഗസ്സയെക്കുറിച്ച് പ്രത്യേകമായി തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.’ ഗസ്സ ഒരു ദുരന്തമാണ്, അദ്ദേഹം അത് പരിഹരിക്കാൻ ആഗ്രഹിക്കുന്നു, എനിക്കും അത് പരിഹരിക്കണം, മറുവശത്തും അങ്ങനെത്തന്നെയാകുമെന്നാണ് കരുതുന്നത്’- അദ്ദേഹം പറഞ്ഞു. അതേസമയം ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ല.