മസ്കറ്റ്: ഒമാനില്‍ ഒരു കമ്പനിയുടെ ലബോറട്ടറിയില്‍ നിന്ന് മാരക വിഷവാതകം ചോര്‍ന്നു. സൊഹാറിലെ ഒരു കമ്പനിയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അപകടകരമായ വിഷവാതകം ചോര്‍ന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടല്‍ മൂലം ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്ത് നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. വിഷവാതക ചോര്‍ച്ച തടയുന്നതില്‍ വിദഗ്ധരായ സംഘം ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫൻസ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സൊഹാര്‍. സള്‍ഫര്‍ ഡയോക്സൈഡ് വാതകമാണ് ചോര്‍ന്നത്. മനുഷ്യനും പരിസ്ഥിതിക്കും ഏറെ അപകടകരമാണ് ഈ വാതകം. ദീര്‍ഘസമയം ഈ വാതകം ശ്വസിക്കേണ്ട സാഹചര്യമുണ്ടായാല്‍ വലിയ അപകടമാണ്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ വിഷവാതക ചോര്‍ച്ച സുരക്ഷിതമായി നിയന്ത്രണവിധേയമാക്കുന്നത് കാണാം