പിശാചുക്കളായി മുദ്രകുത്തി ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടുകൊന്നു. ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ തെത്ഗാമ ഗ്രാമത്തിലാണ് സംഭവം.
കുടുംബം മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ കൊടുംക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് ഒരു മന്ത്രവാദി അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മന്ത്രവാദിയും സംഘവും വീടിന് തീയിട്ടപ്പോള്‍ രക്ഷപ്പെട്ട പതിനാറു വയസുള്ള കുട്ടിയാണ് വിവരം ലോകത്തെ അറിയിച്ചത്.
ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന് മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച് 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൊല്ലപ്പെട്ടവരെല്ലാം ഒറോണ്‍ എന്ന ആദിവാസി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എസ്പി സ്വീറ്റി സഹ്റാവത്ത് പറഞ്ഞു. ഏകദേശം അമ്ബത് പേര് അടങ്ങുന്ന സംഘമാണ് ആദിവാസി കുടുംബത്തിലെത്തിയത്. കുടുംബത്തിലെ മൂന്നു സ്ത്രീകള്‍ പിശാചുക്കള്‍ ആണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വീട്ടിലിട്ട് തീയിടുകയായിരുന്നു. പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. സ്ത്രീകളെ പിശാചുക്കളായി ചിത്രീകരിക്കുന്ന ആചാരം പ്രദേശത്ത് ശക്തമാണെന്നും പോലിസ് പറഞ്ഞു.