ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്നു വിക്ഷേപിക്കുമെന്നു നാസ പ്രഖ്യാപിച്ചു. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നു പുറപ്പെടും.
വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി.പുതിയ സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശപേടകത്തിൽ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും.