വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടല്‍ ആക്രമിച്ചു. ആറുപേര്‍ പിടിയില്‍. കൊല്ലം ചവറ സ്വദേശികളാണ് പൊലീസ് പിടിയിലായ ആറുപേരും. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിക്കുകയും ഹോട്ടലിന്റെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്.
ഇന്നലെ രാത്രി പത്തോടെ വര്‍ക്കലയിലെ ഒരു ബാര്‍ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചുകീറി. പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ തടഞ്ഞുവച്ചത്. അക്രമികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.