തിരുവനന്തപുരം: മെഡിസെപ്പിന് പുതിയ കരാര്‍ നല്‍കുന്നതിന് പകരം നിലവിലുള്ള കരാര്‍, പ്രീമിയം കൂട്ടി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കും. അതിന് മുമ്പ് ടെന്‍ഡര്‍ വിളിച്ച് പുതിയ കരാറുകാരെ കണ്ടെത്താന്‍ കഴിയില്ല. ഇതിനാലാണ് സര്‍ക്കാരിന്റെ കാലം വരെ ഒരു വര്‍ഷത്തേക്ക് പദ്ധതി നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ ചുമതലപ്പെടുത്തി. ഓറിയന്റല്‍ ഇന്‍ഷുറന്‍സാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. അതേസമയം മെഡിസെപ്പില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെപ്പറ്റി ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്തിമ ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. പ്രീമിയം ഇപ്പോള്‍ 500 രൂപയാണ്. ഇത് 750 രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശമ്പളത്തിന് അനുസരിച്ച് പ്രീമിയത്തിന് സ്ലാബ് നിശ്ചയിക്കുന്നതിനെപ്പറ്റി പരിശോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും സ്വകാര്യ കമ്പനികളുടെയും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുമായി മെഡിസെപ്പിനെ സമിതി താരതമ്യപ്പെടുത്തിയിരുന്നു. മെഡിസെപ്പില്‍ ചികിത്സകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പാക്കേജ് കുറവാണ്. ഇത് പരിഹരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സ്വീകരിച്ചു. ശുപാര്‍ശകള്‍ പഠിച്ച് ധനവകുപ്പിലെ സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി