ന്യൂയോർക്ക്∙ യുഎസിൽ അനുവദനീയമായ താമസ കാലയളവിൽ കൂടുതൽ തങ്ങുന്നതിനെതിരെ ഇന്ത്യയിലെ യുഎസ് എംബസി വീസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ നിർദ്ദേശം. അംഗീകൃത താമസ കാലയളവിനപ്പുറം യുഎസിൽ തുടർന്നാൽ നാടുകടത്തപ്പെടുകയും ഭാവിയിൽ യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുമെന്ന് എംബസി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
വർക്ക് വീസ, വിദ്യാർഥി വീസ, ടൂറിസ്റ്റ് വീസ തുടങ്ങി നിശ്ചിത കാലയളവുള്ള വിവിധ വീസകളിൽ യുഎസിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്. ഓരോ വീസയ്ക്കും അതിന്റേതായ അംഗീകൃത താമസ കാലാവധിയുണ്ട്. കുടിയേറ്റം ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഏറ്റവും വിവാദപരമായ വിഷയങ്ങളിൽ ഒന്നാണ്. അധികാരമേറ്റ ആദ്യ ദിവസം തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഷയത്തിൽ നയം വ്യക്തമാക്കിയിരുന്നു. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന എല്ലാവർക്കും യുഎസ് പൗരത്വം നൽകുന്ന 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയ്ക്കെതിരെ ട്രംപ് നിലപാട് സ്വീകരിച്ചു.