പത്തനംതിട്ട : മുൻവിരോധം കാരണം വാക്കത്തികൊണ്ട് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.മലയാലപ്പുഴ ചീങ്കൽതടം കോഴിക്കുന്നം വാഴൂരെത്ത് വീട്ടിൽ ചിന്നൻ എന്ന സിജു (48) ആണ് പിടിയിലായത്. കോഴികുന്നം കാലായിൽ വീട്ടിൽ ജോമോൻ(53) സഹോദരൻ ജോളിമോൻ (58) എന്നിവരെ ഇന്നലെ വൈകിട്ട് 6.30 ന് അയൽവാസിയായ പ്രതി, ജോളിമോന്റെ വീടിന് മുൻവശം വച്ച് അസഭ്യം വിളിച്ചശേഷം കയ്യിൽ കരുതിയ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വലതുകൈതണ്ടയിലാണ് വെട്ടു കൊണ്ടത്. തടസ്സം പിടിച്ച ജോമോന്റെ പുറത്തുഇടതു വാരിയെല്ലിനോട് ചേർന്നും ഇടതുകൈ മുട്ടിന് താഴെയും വെട്ടേറ്റു. കോഴിക്കുന്നം ചെറാടി പബ്ലിക് റോഡിൽ ജോളിയുടെ വീടിനു മുന്നിൽ വച്ചായിരുന്നു സംഭവം. തുടർന്ന്, ഇരുവരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന്, സ്റ്റേഷനിലെത്തി മൊഴി നൽകി, എസ് സി പി ഒ സുധീഷ് കുമാർ മൊഴി രേഖപ്പെടുത്തി. എസ് ഐ വി എസ് കിരൺ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിജുവിനെതിരെ മുമ്പൊരു കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധം കാരണമാണ് ജോളിമോനെ ആക്രമിച്ചത്. 2021 സെപ്റ്റംബർ 22 ന് കാർത്തിക വിലാസത്തിൽ തുഷാരയുടെ പുരയിടത്തിലെ പാഴ്തടികൾ മുറിച്ച് മാറ്റാനെത്തിയവരെ സിജു അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോൾ, തുഷാരയെ പിടിച്ചു തള്ളുകയും, വെട്ടുകത്തി ഉപയോഗിച്ച് വലതുകൈത്തണ്ടയ്ക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മലയാലപ്പുഴ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, കേസിൽ രണ്ടര വർഷത്തെ തടവുശിക്ഷക്ക് കോടതി വിധിക്കുകയും ചെയ്തു. അന്ന് ഇയാൾക്കെതിരെ സാക്ഷിയായി ജോളിമോൻ മൊഴി നൽകിയിരുന്നു. ശിക്ഷ കഴിഞ്ഞ് ഒരുവർഷം മുമ്പ് പുറത്തിറങ്ങിയ സിജു, പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതി ഇതുകൂടാതെ മലയാലപ്പുഴ സ്റ്റേഷനിൽ 2018 ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലും , 2021 ലെടുത്ത മനപ്പൂർവമല്ലാത്തനരഹത്യാശ്രമകേസിലും ഉൾപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് ശേഷം രാത്രി എട്ടരയോടെ സ്ഥലത്തുനിന്നും പോലീസ് സംഘം പ്രതിയെ കീഴ്പ്പെടുത്തി വൈദ്യപരിശോധനക്കു ശേഷം സ്റ്റേഷനിൽ എത്തിച്ചു .തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ സംഭവസ്ഥലത്തുനിന്നും വാക്കത്തി പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ വി എസ് കിരണിനൊപ്പം എസ് സി പി ഒ മാരായ
സുധീഷ് കുമാർ, അജിത് പ്രസാദ് സി പി ഓമാരായ പ്രിയേഷ് ജ്യോതിഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പോലീസ് ഇൻസ്പെക്ടർ കെ എസ് വിജയന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
