ന്യൂഡല്‍ഹി: കുളു മണാലി, കിഷന്‍ഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങള്‍കൂടി അടച്ചു. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. പാക്ക് അതിര്‍ത്തിയോടു ചേര്‍ന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്.
അടച്ച വിമാനത്താവളങ്ങള്‍: ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്സാല്‍മര്‍, ജോധ്പുര്‍, ബിക്കാനീര്‍, ഹല്‍വാഡ, പഠാന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭുജ്.
ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട 5 സര്‍വീസുകളും എത്തിച്ചേരേണ്ട 5 സര്‍വീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള 2 സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. വ്യോമ നിയന്ത്രിത മേഖലകളിലേക്കുള്ളവയോ വ്യോമ നിയന്ത്രിത മേഖലകള്‍ വഴിയുള്ള കണക്ടിങ് വിമാനങ്ങളോ ആണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് ഉത്തരേന്ത്യന്‍ അതിര്‍ത്തി മേഖലകളിലേക്കുള്ള സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. അമൃത്സര്‍, ചണ്ഡിഗഡ് , ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ വൈകി.
ഇന്ത്യ- പാക്കിസ്ഥാന് സംഘര്‍ഷം വഷളാകുന്നതിനിടെ വിമാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്). ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും. സിഐഎസ്എഫ് പരിശോധനയ്ക്കു ശേഷം ബോര്‍ഡിങ് ഗേറ്റിന് അടുത്ത് എയര്‍ലൈന്‍ ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തും. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കണം. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം.