കോട്ടയം: പേരൂരിൽ അമ്മയും പെൺമക്കളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവ് ജോസഫും അറസ്റ്റിൽ. ഏറെ നേരത്തെ ചോദ്യംചെയ്യലിന് പിന്നാലെയാണ് ഏറ്റുമാനൂർ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ ജിമ്മിയെയും ജോസഫിനെയും പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തിരുന്നു. ജിസ്മോൾ ഗാർഗിക പീഡനത്തിന് ഇരയായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.
നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്ന് ജിസ്മോളുടെ പിതാവും സഹോദരനും ആരോപിച്ചിരുന്നു. ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരുപറഞ്ഞ് മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് പിതാവ് ആരോപിച്ചത്. ഭർതൃവീട്ടിലെ ക്രൂരപീഡനം തന്നെയാണ് ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്ത് നിളയും വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പൊലീസ് ജിമ്മിയെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്.