2020 ഒക്ടോബർ 29-ന് വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം. അതേവർഷം ഡിസംബർ 26-ന് പുലർച്ചെ 1.30-നാണ് കൊലപാതകം നടന്നത്. ഇലക്ട്രീഷ്യനാണ് പ്രതിയായ അരുണ്‍. ശാഖാകുമാരിയുമായി അടുപ്പം നടിച്ചശേഷം വീട്ടുകാരെ അറിയിക്കാതെ അവരെ വിവാഹം കഴിക്കുകയായിരുന്നു. 50 ലക്ഷം രൂപയും 100 പവൻ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹശേഷം പ്രതി ഓവൻ നന്നാക്കുന്നതിനിടെ ശാഖാകുമാരിയെ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് പ്രതി വിലകൂടിയ വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് ദിവസം വീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുത്ത ബന്ധുക്കള്‍ പിരിഞ്ഞുപോയശേഷം രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന ശാഖാകുമാരിയെ ശ്വാസംമുട്ടിപ്പിച്ച് ബോധം കെടുത്തി. തുടർന്ന് വയറും പ്ലഗ്ഗും ഉപയോഗിച്ച് കൈയിലും മൂക്കിലും വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു.ഷോക്കേറ്റ് മരിച്ചെന്ന് വരുത്തിത്തീർക്കാനായി സീരിയല്‍ ലൈറ്റിന്റെ വയർ പ്രതി ശാഖാകുമാരിയുടെ ശരീരത്തില്‍ കൊണ്ടിട്ടിരുന്നു.
നെയ്യാറ്റിൻകരയില്‍ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ കുമാരി. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. ഇതിനിടെ അരുണുമായി ഇവർ സൗഹൃദത്തില്‍ ആകുകയും 2020ല്‍ ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു.
വെള്ളറട പോലീസ് ഇൻസ്പെക്ടറായിരുന്ന എം. ശ്രീകുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.