ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം. ഇ-ചലാൻ ലഭിച്ച് മൂന്നു മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്.ഒരു സാമ്പത്തികവർഷം മൂന്ന് ഇ-ചലാനുകൾ അവഗണിക്കുന്നവരുടെ ലൈസൻസ് കണ്ടുകെട്ടിയേക്കും.
90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസൻസോ, ആർ.സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്.
പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് നീക്കം. ഇതിനായി മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗതാഗത മാനേജ്മെന്റ് കർശനമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.