കൊല്ലം:മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ ഏപ്രിൽ 7ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന നിർവഹണസമിതിയോഗത്തിലാണ് തീരുമാനം. സി.കേശവൻ സ്മാരക ടൗൺഹാളിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
മാലിന്യനിർമ്മാർജ്ജനത്തിൽ മാതൃകാപ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, സംഘടനകൾ, സി.ഡി.എസുകൾ, ഹരിതകർമ്മ സേനകൾ, എൻ.എസ്.എസ് യൂണിറ്റുകൾ, സർക്കാർ വകുപ്പുകൾ, ടൂറിസം കേന്ദ്രങ്ങൾ, വ്യക്തികൾ, വീടുകൾ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. സബ് കളക്ടർ നിശാന്ത് സിൻഹാര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
