സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക, സ്കൂൾ എസ്.ആർ.ജി.കൾ വഴി സമയബന്ധിതമായ അക്കാദമിക പ്രവർത്തനം പ്ലാൻ ചെയ്യുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കുക, ഭിന്നശേഷി കുട്ടികൾ, എസ്.സി -എസ്.ടി മേഖലകൾ, പ്രത്യേകത പരിഗണന അർഹിക്കുന്നവർ എന്നിവർക്കുള്ള പദ്ധതികൾ, കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങൾക്കുള്ള പഠനപരിപോഷണ പരിപാടികൾ നടപ്പിലാക്കുക, നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുക, കുട്ടികളുടെ സമഗ്ര പഠനപുരോഗതി രേഖ വികസിപ്പിക്കുക, ചോദ്യപേപ്പറുകളുടെ പരിഷ്കരണവും വികേന്ദ്രീകരണവും നടപ്പിലാക്കുക എന്നിവ പദ്ധതിയിലുണ്ട്.
