കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നാളെ ആരംഭിക്കും. സിപിഎം പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 വർഷത്തിനുശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിക്കുന്നത്. മാർച്ച് ഒൻപതിന് റെഡ് വൊളന്റിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
നഗരത്തിലെ ആശ്രമം മൈതാനിയും കൊല്ലം കോർപ്പറേഷൻ ടൗൺഹാളുമാണ് വേദികൾ. പൊതുസമ്മേളനം ആശ്രമത്ത് സജ്ജമാക്കിയ പ്രത്യേക വേദിയിൽ നടക്കും. സമ്മേളനത്തെ വരവേൽക്കാൻ നഗരം മുഴുവൻ ഒരുങ്ങിയിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതേക സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
പ്രതിനിധി സമ്മേളനം നടക്കുന്നത് കൊല്ലം കോർപ്പറേഷൻ ടൗൺ ഹാളിൽ ആണ്. 530 സമ്മേളന പ്രതിനിധികൾക്ക് പുറമെ ലക്ഷങ്ങൾ കൊല്ലത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കൊല്ലത്ത് മൂന്നാം തവണ നടക്കുന്ന സംസ്ഥാന സമ്മേളനം, ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിൽ ആണ് സംഘടക സമിതി.