കൊട്ടാരക്കര: എം.സി റോഡിൽ വാളകം പൊലിക്കോട് ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ഗരുഡ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. ആറുപേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തിരുവനന്തപുരം ഗ്ളാഡ്സൺ മന്ദിരത്തിൽ ഗ്ളാഡ്സൺ(43) ന് സാരമായി പരിക്കേറ്റു. ബസിലെ മറ്റ് യാത്രികരായ അഞ്ചുപേർക്ക് നിസാര പരിക്കേറ്റു. ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ആറരയോടെയാണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയതാണ് കെ.എസ്.ആർ.ടി.സി ബസ്. മുന്നിൽ ആനയുമായി പോയ ലോറിയെ മറികടക്കാൻ ശ്രമിക്കവെയാണ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. കഴക്കൂട്ടത്തെ കോളേജിൽ നിന്നും ഏറ്റുമാനൂരിലേക്കുള്ള പഠനയാത്രയ്ക്കുള്ള 35 വിദ്യാർത്ഥികളായിരുന്നു ബസിൽ. ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചയുടനെ നിയന്ത്രണംവിട്ടാണ് കെ.എസ്.ആർ.ടി.സി ബസ് വശത്തേക്ക് ഇടിച്ചുകയറി കൈവരികളും മരവും തകർത്തുകൊണ്ട് തോട്ടിലേക്ക് വീണത്. താഴ്ചയില്ലാത്തതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ഈ ബസിൽ ഡ്രൈവറടക്കം എട്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
