തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം. ഇതിനായി എന്‍ എച്ച് എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ആശ വര്‍ക്കര്‍മാര്‍ പണിമുടക്ക് തുടരുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായുള്ള നടപടികള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണം.
കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്ക് അധിക ചുമതല നല്‍കുകയോ, ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയോ സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.