ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ ആര്. വേണിക (19), ആര്. ആദിക (19), സുധന് (19) എന്നിവരാണ് മരിച്ചത്. നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍.വേണികയും ആദികയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും സുധന് രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നില ഗുരുതരമായതോടെയാണ് സുധനെ രാജാക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഗര്‍കോവില്‍ സ്വദേശി കെവിനെ (20) തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
