ഇംഫാൽ: മണിപ്പൂരിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ടെലിവിഷനിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ. ലാബ യാംബെം എന്ന മാധ്യമ പ്രവർത്തകനെയാണ് തട്ടിക്കൊണ്ടുപോയത്. ഏത് സായുധ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ഇന്ന് പുലർച്ചെയാണ് മാധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയത്. ഇംഗ്ലീഷ് ഡെയ്ലി ആയ സ്റ്റേറ്റ്സ്മാനിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആണ് 69 കാരനായ ലാബ യാംബെം. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ നടന്ന ടോക് ഷോയിൽ മണിപ്പൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ലാബ സംസാരിച്ചിരുന്നു.തോക്കേന്തി എത്തിയ 15 ഓളം വരുന്ന ആളുകളാണ് തട്ടിക്കൊണ്ടുപോയതെന്ന് ലാബയുടെ സഹോദരൻ യാംബെം അംഗംബ പറഞ്ഞു. മണിപ്പൂരിലെ സായുധ സംഘങ്ങളെ വിമർശിച്ചുകൊണ്ട് ലാബ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇത് ഡിലീറ്റ് ചെയ്യാണമെന്നാവശ്യപ്പെട്ട് സായുധ സംഘം അദ്ദേഹത്തിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം വെടിയുതിർത്തിരുന്നുവെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ ഇംഫാൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.