പത്തനംതിട്ട: ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലത്ത് നിന്നുള്ള സി.പി.എം സംസ്ഥാന സമിതിയംഗം എസ്.രാജേന്ദ്രന്റെ മകൻ തിരുവനന്തപുരം ഉള്ളൂർ കൃഷ്ണനഗർ പൗർണമിയിൽ ആർ.എൽ.ആദർശ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ന് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്രയ്ക്കും കുമ്പഴയ്ക്കും ഇടയിലാണ് അപകടം. ഇരുവാഹനങ്ങളും നേർക്കുനേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം കറങ്ങിയ കാർ അടുത്തുള്ള വീടിന്റെഗേറ്റ് ഇടിച്ചു തകർത്താണ് നിന്നത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ ആദർശിനെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിമോർച്ചറിയിൽ.
ഹോണ്ട സിറ്റി കാറിൽ റാന്നിയിൽ നിന്ന് കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ആദർശ്. അമിതവേഗതയിൽ ദിശ തെറ്റി വന്ന കാർ കുമ്പഴ ഗവ.സ്കൂളിന് സമീപം വച്ച് എതിരെ എത്തിയ ചരക്കുലോറിയിലേക്ക് പാഞ്ഞു കയറിയശേഷം നിയന്ത്രണം തെറ്റിയാണ് അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്ത് നിന്നത്. കാറിനുള്ളിൽ എയർ ബാഗ് വിടർന്നെങ്കിലും യുവാവ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.