ലീഡ്സ്: സഹായം ചെയ്ത വ്യക്തിയെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ രണ്ട് മാസത്തിനുള്ളിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ ലീഡ്സിലാണ് സംഭവം. സൈമൺ കുബാലിക് എന്ന 20കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2024 ഏപ്രിൽ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് മന്ത്രി; 15കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം
ലീഡ്സിലെ ഹെയൽഹിൽസ് ലെയിനിൽവെച്ച് ഇയാൾ കാറിന് ലിഫ്റ്റ് ചോദിച്ചിരുന്നു. സെന്റ് അൽബൻസ് റോഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യം. കാറിൽ കയറിയ കുബാലിക് യാത്രയ്ക്കിടയിൽ ഡ്രൈവറെ മുഖത്ത് ആവർത്തിച്ച് ഇടിച്ച് പരിക്കേൽപ്പിക്കുകയും മോഷണം നടത്തുകയും ചെയ്തു. കാർ യാത്രികന്റെ പഴ്സും ഫോണും മോഷ്ടിച്ച ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. കുബാലികിന്റെ ആക്രമണത്തിൽ കാർ യാത്രികന്റെ മുഖത്ത് ഒടിവുകൾ സംഭവിച്ചിരുന്നു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ കോടതി കുബാലികിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നവംബറിൽ പ്രതിക്ക് ആറ് വർഷം തടവും 228 പൗണ്ട് (ഏകദേശം 24,507 രൂപ) പിഴയും വിധിച്ചു. എച്ച് എം പി ഡോൺകാസ്റ്റർ ജയിലിലായിരുന്നു കുബാലിക് തടവ് അനുഭവിച്ചിരുന്നത്. ഈ മാസം പതിനാറിന് ഇയാളെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ജയിൽ പ്രൊബേഷൻ ഓംബുഡ്സ്മാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
