തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺവധക്കേസിൽ പ്രതിയും കാമുകിയുമായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മയ്ക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായും കോടതി കണ്ടെത്തി. നെയ്യാറ്റിൻകര സെഷൻ ജഡ്ജി എ.എം ബഷീറാണ് വിധി പറഞ്ഞത്.
തട്ടികൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം നടത്തൽ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്മയ്ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 302,328,364, 201 വകുപ്പുകൾ പ്രകാരമാണ് ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടുള്ളത്. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയും, ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതിയായ അമ്മാവനെതിരെ തെളിവുകൾ ശക്തമാണെന്നും കോടതി കണ്ടെത്തി.
ശിക്ഷയിന്മേലുള്ള വിചാരണ നാളെ നടക്കും. 500 പേജുള്ള വിധിന്യായമാണ് കോടതി തയ്യാറാക്കിയിട്ടുള്ളത്.