കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന അഞ്ച് നിലകൾ വീതമുള്ള ആറ് ബ്ലോക്ക് കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി.
മൂന്നാമത്തെ ബ്ലോക്കിന്റെ ഒന്നാം നിലയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ബാക്കി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി നിലവിലുള്ള പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം ഇന്നലെ പൊളിച്ചുതുടങ്ങി. പ്രവേശന കവാടത്തിന് അടുത്തുവരെയാണ് ആദ്യം പൊളിക്കുന്നത്. തുടർന്ന് ഘട്ടം ഘട്ടമായി പൊളിച്ചു നീക്കും. പ്രധാന കെട്ടിടം പൊളിക്കുന്നതുകൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ദേശീയപാത മുതൽ പ്ലാറ്റ്ഫോം വരെ റൂഫിംഗോട് കൂടിയ താത്കാലിക പ്രവേശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
പഴയ റെയിൽവേ കെട്ടിടത്തിലെ ഓഫീസുകൾ പൂർണമായും ഒഴിപ്പിച്ചു. പ്രധാന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ, വിശ്രമ കേന്ദ്രം തുടങ്ങിയവ റെയിൽവേ സ്റ്റേഷന് മുന്നിൽ സജ്ജമാക്കിയ താത്കാലിക ഷെഡുകളിലാണ് പ്രവർത്തിക്കുന്നത്. ഗ്യാംഗ് റസ്റ്റ് റൂം, സീനിയർ സെക്ഷൻ എൻജിനിയർ ബിൽഡിംഗ്, സർവീസ് ബിൽഡിംഗ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്ക്ക് കൈമാറി. സബ് സ്റ്റേഷൻ ബിൽഡിംഗ് നിർമ്മാണം 60 ശതമാനത്തിലെറെയും പാർസൽ ബിൽഡിംഗ് 65 ശതമാനവും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്