ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരേ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് സംയുക്ത പ്രസ്താവന. സംഭവത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്നാവശ്യപ്പെട്ട് നാനൂറിലധികം ക്രിസ്ത്യന്‍ സമുദായ നേതാക്കളും 30ഓളം സഭകളും പ്രസ്താവനയിറക്കി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേ കേരളത്തിലുള്‍പ്പെടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാക്കള്ളുടെ നടപടി.
കഴിഞ്ഞ ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണ് റിപ്പോര്ട്ട്ചെയ്തതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വൈരത്തിന്റെയും ഭയാനകമായ കുതിച്ചുചാട്ടത്തില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയാണ്. 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള 11 മാസങ്ങള്‍ക്കുള്ളില്‍ 720 അക്രമസംഭവങ്ങളാണ് ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ മുമ്പാകെ റിപ്പോര്‍ട്ട്ചെയ്തത്. ഇക്കാലയളവില്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം മുമ്പാകെ 760 കേസുകളും എത്തി.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിരോധന നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള നഗ്നമായ ഭീഷണികളും കടന്നുകയറ്റവും, ആരാധനാസ്വാതന്ത്ര്യം തടയല്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നടത്തുന്നത് തടയല്‍, വിദ്വേഷ പ്രസംഗങ്ങളുടെ അതിപ്രസരം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിരവധി പരാതികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
മണിപ്പൂരില്‍ 20 മാസത്തോളമായി തുടരുന്ന കലാപം ഉടന്‍ ശമിപ്പിക്കുക, മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള സംഭവങ്ങളില്‍ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുക, മതസ്വാതന്ത്ര്യം സംബന്ധിച്ച് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, എല്ലാ മതവിഭാഗങ്ങളുടെ പ്രതിനിധികളുമായും കൃത്യമായ ഇടവേളകളില്‍ ചര്‍ച്ച നടത്തുക, വിശ്വാസം പ്രഖ്യാപിക്കാനും അനുഷ്ടിക്കാനുമുള്ള ഭരണഘടനാ അവകാശം സംരക്ഷിക്കണം എന്നീ ആവശ്യങ്ങളും നേതാക്കള്‍ മുന്നോട്ടുവച്ചു.
മനുഷ്യാവകാശ പ്രവര്ത്തകന് സെഡ്രിക് പ്രകാശ് (ഗുജറാത്തിലെ സൊസൈറ്റി ഓഫ് ജീസസ്), ഡേവിഡ് ഒനേസിമു (ഇവാഞ്ചലിക്കല്‍ ചര്‍ച്ച്- തമിഴ്നാട്), ബിഷപ്പ് ഡോ. ജോബ് ലോഹറ, റവ. ഡോ.റിച്ചാര്‍ഡ് ഹോവല്‍ (ഡല്‍ഹി), അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ റവ മേരി സ്കറിയ, മനുഷ്യാവകാശ പ്രവര്‍ത്തകനും ദേശീയോദ്ഗ്രഥന സമിതി അംഗവുമായ ജോണ്‍ ദയാല്‍, പ്രകാശ് ലൂയിസ് (ബിഹാറിലെ സൊസൈറ്റി ഓഫ് ജീസസ്), ബിഷപ്പ് റവ. ഡോ. സെല്‍ഹോ കീഹോ (നാഗാലാന്‍ഡ്), ബിഷപ്പ് ഖാര്‍കോന്‍ഗോര്‍ (മേഘാലയ), അലന് ബ്രൂക്സ് (അസം ക്രിസ്ത്യന്‍ ഫോറം), മണിപ്പൂര്‍ ബാപ്റ്റിസ്റ്റ് കണ്വെന്ഷന് ജനറല്‍ സെക്രട്ടറി റവി. കെ. ലോസി മാവോ, അഖിലേഷ് എഡ്ഗര്‍ (നാഷനല്‍ ചര്‍ച്ച് മിഷന്, ഡല്‍ഹി), മൈക്കല്‍ വില്ലംസ് (യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സ്ഥാപകന്‍), എ.സി മൈക്കല്‍ (യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍), വിജയേഷ് ലാല്‍ (ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ), തുടങ്ങിയവരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.