കൊട്ടാരക്കര : സെൻ്റ് ഗ്രിഗോറിയോസ് കോളേജിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ, കോളേജ് സ്ഥാപകൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ നിന്ന് പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ, ഏയ്ഞ്ചൽ ബാവായുടെ ദീപ്ത സ്മരണകൾ ഓർത്തെടുത്ത് അനവധി വൈദികരുടെയും കോളേജ് അധികൃതരുടെയും സാന്നിധ്യത്തിൽ ആരംഭിച്ച ദീപശിഖ പ്രയാണം കൊട്ടാരക്കര മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ എത്തിച്ചേരുകയും തുടർന്ന് ഉത്സവാന്തരീക്ഷത്തിൽ നടന്ന വർണ്ണശബളമായ ജൂബിലി വിളംബര ഘോഷയാത്ര കോളേജ് അങ്കണത്തിൽ സമാപിച്ചു. മാനേജർ ഫാ.ബേബി തോമസ്, അഡ്മിനിസ്ട്രേറ്റർ ഫാ.ഡി.ജോർജുകുട്ടി,പ്രിൻസിപ്പൽ ഡോ.സുമി അലക്സ്, വൈസ് പ്രിൻസിപ്പൽ ഡോ. ജുബിൻ മറ്റപ്പള്ളി, ജനറൽ കൺവീനർ ഡോ. ഫ്രാൻസിസ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. നാളെ(19/12) രാവിലെ 10.30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണവും കൊടിക്കുന്നിൽ സുരേഷ് എം.പി ജൂബിലി സന്ദേശവും നൽകും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ അധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്,ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിയസ്കോറോസ്, കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ തേവോദോറോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. എൻഎസ്എസ് ഭവന ദാന പ്രോജക്ട്-സ്നേഹ സ്പർശം കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ എസ്. ആർ. രമേശ്, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.കെ. അനുരാധ,മുൻസിപ്പൽ കൗൺസിലർ ജെയ്സി ജോൺ,മുൻ പ്രിൻസിപ്പൽ പ്രൊഫ.ടി. ജെ.ജോൺസൺ, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി,പിടിഎ വൈസ് പ്രസിഡന്റ് സുനി.പി.സാമുവേൽ,കോളേജ് യൂണിയൻ ചെയർമാൻ അജിൻ രാജ് എന്നിവർ പ്രസംഗിക്കും.
