കൊട്ടാരക്കര: കൊട്ടാരക്കരയിൽ വൈദ്യുതി ബോർഡിന്റെ ഭൂമി ഉപയോഗമില്ലാതെ കാടുമൂടി നശിക്കുന്നു. ഇഴജന്തുക്കളുടെ താവളമായിട്ടും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. റെയിൽവേ സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിന് നേരെ എതിർവശത്തായിട്ടാണ് 25 സെന്റിലധികംവരുന്ന ഭൂമി അനാഥമായിക്കിടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് വൈദ്യുതി ഭവൻ പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ആർ.ബാലകൃഷ്ണ പിള്ള വൈദ്യുതി മന്ത്രിയായിരിക്കെ കൊട്ടാരക്കര വൈദ്യുതി ഭവന് ബഹുനില കെട്ടിട സമുച്ചയം നിർമ്മിച്ചു. ഇതോടെ പഴയ കെട്ടിടം ഉപേക്ഷിക്കപ്പെട്ടു. കാലക്രമേണ കെട്ടിടം തകർന്ന് നിലംപൊത്തി. ഇപ്പോൾ കുറ്റിക്കാടുകൾ മാത്രമാണ് ഇവിടെയുള്ളത്.
