ഗുവാഹതി: സംസ്ഥാനത്ത് സമ്പൂര്‍ണ ബീഫ് നിരോധനം കൊണ്ടുവന്ന് അസം. നിരോധനം നിലവില്‍വരുന്നതോടെ പൊതു ഇടത്തോ ഹോട്ടലുകളിലോ മറ്റോ ബീഫ് ഉപഭോഗം പാടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അറിയിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് അസമിലെ ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ച്ചയായി നീക്കങ്ങള്‍ നടത്തിവരികയാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ബീഫ് നിരോധിച്ച് മന്ത്രിസഭ തീരുമാനമെടുത്തത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ സമഗുരിയില്‍ വോട്ടര്‍മാരെ ബീഫ് ഉപയോഗിച്ച് വശീകരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആരോപണമാണ് ബീഫ് നിരോധിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി അവകാശപ്പെട്ടു.