കൊട്ടാരക്കര: കലോത്സവം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു. കൊട്ടാരക്കര വീണ്ടും പഴയ നിലയിലേക്ക്. അഞ്ച് പകലിരവുകൾ കൊട്ടാരക്കരയ്ക്ക് ഉത്സവച്ചായ പകർന്നിട്ടാണ് കൗമാര കലാമാമാങ്കം കൊടിയിറങ്ങിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്നതിന്റെ സന്തോഷങ്ങൾ ചെറുതായിരുന്നില്ല. കുട്ടികളുടെ കലാമത്സരങ്ങൾ എന്നതിനും അപ്പുറം പ്രായത്തിന്റെ അന്തരങ്ങളില്ലാത്ത സൗഹൃദത്തിന് തുടക്കംകുറിക്കാൻ കഴിഞ്ഞുവെന്നതാണ് കലോത്സവത്തിന്റെ ബാക്കിപത്രം. ഇന്നലെ രാവിലെ മുതൽ പന്തൽപണിക്കാരും ഉച്ചഭാഷിണിക്കാരുമടക്കം കാലേക്കൂട്ടി സജ്ജീകരണങ്ങൾ ഒരുക്കിനൽകിയവർ എത്തി അതെല്ലാം അഴിച്ച് തിരിച്ചെടുക്കൽ ജോലികൾ തുടങ്ങിയിരുന്നു. കലോത്സവം ബാക്കിവച്ച പ്ളാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭയുടെ ഹരിതകർമ്മ സേനയും ശുചീകരണ തൊഴിലാളികളുമൊക്കെയെത്തി. പതിനാല് വേദികൾക്കും അനുബന്ധ സൗകര്യങ്ങൾക്കും ഭക്ഷണം, ട്രോഫി, അലങ്കാര കൗതുകങ്ങൾ തുടങ്ങി വലിയ സാമ്പത്തികമാണ് ചെലവിടേണ്ടി വന്നത്. സ്പോൺസർഷിപ്പിലൂടെയും ഒട്ടേറെ തുകയും ഉത്പന്നങ്ങളുമൊക്കെ കണ്ടെത്തിയിരുന്നു. ഇനി കണക്കുകൂട്ടലുകൾ ശേഷിക്കുന്നുണ്ട്. അദ്ധ്യാപക സംഘടനകളാണ് ഓരോന്നിന്റെയും ചുമതലക്കാരെന്നതിനാൽ കലോത്സവം കഴിഞ്ഞാലും ഉത്തരവാദിത്തങ്ങൾ കുറയില്ല. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കലും അനുബന്ധ ജോലികളും ഇനി പുതുതായി തുടങ്ങേണ്ടിയിരിക്കുന്നു. അപ്പീലുകൾ ഏറെയുണ്ട് അവ ക്രമീകരിച്ച് പരിഗണിക്കേണ്ടത് പരിഗണിക്കുകയും തള്ളേണ്ടത് തള്ളുകയും വേണം. രണ്ട് ദിനങ്ങൾകൂടി കഴിഞ്ഞിട്ടേ അപ്പീലുകളിൽ തീർപ്പുണ്ടാക്കുകയുള്ളു. അതിന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടല്ല, മറ്റ് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കാണ് ചുമതല. ഭക്ഷണക്കമ്മറ്റിക്കാർ നല്ല പ്രവർത്തനം നടത്തിയെന്നത് പൊതുവെ അഭിപ്രായമുണ്ട്. കോൺഗ്രസ് സംഘടനകയ്ക്കായിരുന്നു ചുമതല. മറ്റ് കമ്മിറ്റികളും നിലവാരത്തിലെ ഏറ്റക്കുറച്ചിലുകൾ ചർച്ച ചെയ്യുന്നുണ്ട്. അപ്പോഴും കലോത്സവത്തിൽ മിന്നൽ പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികളിൽ പലരും ഇന്നലെ ഞായറാഴ്ച കൂടിയായതിനാൽ പൂർണ വിശ്രമത്തിലായിരുന്നു. വിജയികൾ ഇനി സംസ്ഥാന മേളയ്ക്കായി പരിശീലനം പുനരാരംഭിക്കേണ്ടതുണ്ട്.
