കൊല്ലം : കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
പുത്തൂർ കല്ലുംമൂട്ടിൽ നിന്നുമാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. പാണ്ടറയിലെത്തിയപ്പോഴാണ് അപകടം. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഡോറിന് സമീപമായിരുന്നു വിദ്യാർത്ഥിനി നിന്നതെന്നാണ് വിവരം. രാവിലത്തെ ട്രിപ്പായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ ആളുകളുമായി ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസിന്റെ ഹൈഡ്രോളിക് വാതിലുകൾ അടക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയുടെ തലയ്ക്ക് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസും ബസിലെ രണ്ട് ജീവനക്കാരെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.