കൊട്ടാരക്കര : 2025 ഏപ്രില്‍ 2 മുതല്‍ 6 വരെ മധുരയിൽ വച്ച് നടക്കുന്ന സിപിഐഎം ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കൊട്ടാരക്കര ഏരിയാ സമ്മേളനം 2024 നവംബർ 15 മുതൽ 18 വരെ ഉമ്മന്നൂർ ലോക്കൽ കമ്മിറ്റിയിൽ വച്ച് നടക്കുമെന്ന് പാർട്ടി ഏരിയ സെക്രട്ടറി അഡ്വ.പി കെ ജോൺസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
15ന് കൊടിമര – പതാക ജാഥകൾ, 16, 17 തീയതികളില്‍ പിണറ്റിൻ മുകൾ പൈങ്ങയിൽ കെ ആർ ഉറയമൺ ആഡി റ്റോറിയത്തിൽ (സ. കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം,18 വൈകിട്ട് 5ന് നെല്ലിക്കു ന്നം ജംഗ്ഷനിൽ (സ.സീതാറാം യച്ചൂരി നഗർ) റെഡ് വാളൻ്റിയർ പരേഡ്, ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി കേന്ദ്രീകരിച്ച് ബഹുജന റാലി, പൊതു സമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് 15 ന് വൈകിട്ട് 4 മണിക്ക് ധീര രക്തസാക്ഷി സഖാവ് കോട്ടാത്തല സുരേന്ദ്രൻ്റ ബലികുടീരത്തില്‍ നിന്നും സി പി ഐ എം ഏരിയ കമ്മിറ്റിയംഗം എൻ ബേബി ക്യാപ്റ്റനായ പതാക ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി എ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സഖാക്കൾ എം കെ അബ്ദുൾ മജീദിൻ്റെയും തങ്ങൾ കുഞ്ഞിൻ്റേയും സ്മൃതിമണ്ഡപത്തിൽ നിന്നും സി പി ഐ എം ഏരിയ കമ്മിറ്റിയംഗം ഫൈസൽ ബഷീർ ക്യാപ്റ്റനായുള്ള കൊടിമര ജാഥ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
ഇരു ജാഥകളും വൈകിട്ട് 6 മണിക്ക് പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ചേരും. സംഘാടക സമിതി പ്രസിഡൻ്റ് പി ജെ മുരളീധരൻ ഉണ്ണിത്താൻ കൊടിമരവും സെക്രട്ടറി അഡ്വ.ആർ സുനിൽ കുമാർ പതാകയും ഏറ്റുവാങ്ങും. 16 നും 17 നും പ്രതിനിധി സമ്മേളനം നടക്കും. 16 രാവിലെ 9.30ന് സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജൻ ഉദ്ഘാടനം ചെയ്യും. ഏരിയായിലെ 2609 പാർട്ടി മെമ്പർഷിഷിപ്പിനെ പ്രതിനിധീകരിച്ച് 165 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. 18 വൈകിട്ട് 5 ന് നെല്ലിക്കുന്നം ജംഗ്ഷനിൽ റെഡ് വാളൻ്റിയർ പരേഡും ഉമ്മന്നൂർ ലോക്കൽ കമ്മിറ്റിയിലെ പ്രവർത്തകർ പങ്കെടുക്കുന്ന ബഹുജന റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റിയംഗവും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എസ് ജയമോഹൻ, പി എ ഏബ്രഹാം, എക്സ് ഏണസ്റ്റ്, ബി രാധാമണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി സുന്ദരേശൻ, പി അയിഷാ പോറ്റി എന്നിവർ സംസാരിക്കും. കൊട്ടാരക്കര ഏരിയായിലെ 198 ബ്രാഞ്ച് സമ്മേളനങ്ങളും കൊട്ടാരക്കര, തൃക്കണ്ണ മംഗൽ, ഉമ്മന്നൂർ,വാളകം, മൈലം, കോട്ടാത്തല, കുളക്കട, മാവടി എന്നീ 8 ലോക്കൽ സമ്മേള നങ്ങളും പ്രതിനിധി സമ്മേളനം, ബഹുജന റാലി, പൊതുസമ്മേളനം എന്നിവയോടെ നടത്തി പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തി ലേക്ക് കടക്കുന്നത്. നാടിൻ്റെ അടിസ്ഥാന വികസനത്തിന് വേണ്ടിയും സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ കാർഷിക പുരോഗതിക്ക് വേണ്ടിയുമുള്ള ഫലപ്രദമായ പ്രമേയങ്ങളും നിർദ്ദേശങ്ങളും ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ രാഷ്ട്രീയമായും സംഘടനാപരമായും ഉണ്ടായ മുന്നേറ്റങ്ങളും പോരായ്മകളും പരിശോധിച്ചും പരിഹരിക്കേണ്ടവ പരിഹരിച്ചും ഭാവിപ്രവർത്തനങ്ങൾക്കുള്ള തീരുമാനങ്ങളും സമ്മേളനത്തിൽ ഉണ്ടാകും.
രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ സംസ്ഥാനത്തിന് അർഹമായ ആനുകൂല്യങ്ങൾ പിടിച്ചു വച്ചും ഫെഡറൽ അധികാരങ്ങളിലേക്ക് കടന്നു കയറിയും കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കു മ്പോഴും തനത് വരുമാനം വർദ്ധിപ്പിച്ചും നിയമപരമായി കേന്ദ്ര സർക്കാരിനോട് പോരാടിയുമാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോഴും ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നയങ്ങളുടെയും നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കൊട്ടാരക്കരയുടെ എം എൽ എ യും കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ എൻ ബാലഗോപാൽ മണ്ഡലത്തിലാകമാനം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങൾക്കാണ് നേതൃത്വം നൽകി വരുന്നത്. ഈ വികസന പ്രവർത്തന ങ്ങൾക്ക് കൂടുതൽ ജനകീയ പിന്തുണ ആർജിക്കുവാനുള്ള സംഘടനാപരമായ തീരുമാനങ്ങളും സമ്മേളനത്തിൽ ഉണ്ടാകും. പിന്നിട്ട സമ്മേളന കാലയളവിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പാർട്ടി മുന്നോട്ട് പോയിട്ടുള്ളത്. ഇക്കാലയളവിൽ അടിസ്ഥാന ജനവിഭാഗങ്ങൾ ഉൾപ്പെടെ നിരവധിയാളുകളെ വിവിധ പ്രദേശങ്ങളിൽ സി പി ഐ എമ്മിൻ്റെ ഭാഗമാക്കുവാൻ കൊട്ടാരക്കരയിലെ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തെ കുടുതൽ കരുത്തോടെ പ്രതിരോധിക്കേണ്ട സാഹചര്യത്തിലാണ് ഈ സമ്മേളനം ചേരുന്നത്. കൂടുതൽ ഉത്തരവാദിത്വത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള വിവിധങ്ങളായ തീരുമാനങ്ങൾ സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകും. നാളെ മുതൽ 18 വരെ നടക്കുന്ന സി പി എ എം കൊട്ടാരക്കര ഏരിയാ സമ്മേളനത്തിന് ആവശ്യമായ മാധ്യമ പ്രചരണം നൽകുവാൻ അഭ്യർത്ഥിക്കുന്നു. ഒപ്പം സമ്മേളനത്തിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു. വാർത്താ സമ്മേളനത്തിൽ പാർട്ടി ഏരിയ സെക്രട്ടറിയെ കൂടാതെ സംഘാടക സമിതി പ്രസിഡൻ്റ് പി ജെ മുരളീധരൻ ഉണ്ണിത്താൻ, സെക്രട്ടറി അഡ്വ.ആർ സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.