കൊട്ടാരക്കര : കൊട്ടാരക്കരയിൽ ഐ ടി മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഐടി, ഐടി അനുബന്ധ മേഖലയിൽ 500 പ്രൊഫഷണലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലദ്യമാക്കുകയാണ് ലക്ഷ്യം. ലോകോത്തര ഐടി കമ്പനിയായ സോഹോ കോർപറേഷന്റ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കര മണ്ഡലത്തിൽ ആരംഭിക്കും. പ്രാരംഭ ഘട്ടത്തിൽ 250 പേർക്ക് ഇവിടെ ജോലി ഉറപ്പാകും. ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ സോഹോ കോർപറേഷൻ നേതൃത്വം നൽകുന്ന ക്യാമ്പസ് ഇൻഡസ്ട്രീയൽ ഐടി പാർക്കായ ലീപ് സെന്ററിലെ ട്രെയിനികളോട് സംവദിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിയിലെ ആദ്യ വർക്കസ്റ്റേഷൻ കൊട്ടാരക്കരയിൽ ആരംഭിക്കുകയാണ്. വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെ 250 ഐടി പ്രൊഫഷണലുകൾക്ക് ഐടി,ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യാനാകും. കൊട്ടാരക്കര നഗരത്തിൽ ഡ്രോൺ റിസർച്ച് പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു. പാർക്കിന് ആവശ്യമായ സ്ഥലം കൊട്ടാരക്കര നഗരത്തിൽതന്നെ ലഭ്യമാക്കാനാകും. കൊട്ടാരക്കരയെ ഐടി, റിസർച്ച് ആൻഡ് ഡെവലെപ്പ്മെന്റ് ഹബ് ആക്കാൻ വിവിധ തരത്തിലുള്ള പദ്ധതികളാണ് മുന്നേറുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഐടി ക്യാമ്പസിന് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലയിലാണ് സോഹോ കോർപറേഷൻ ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ക്യാമ്പസ് തുറക്കാൻ കൊട്ടാരക്കരയെ തെരഞ്ഞെടുത്തത്. ആ സാധ്യതകൾ പരമാവധി പ്രയോജനപ്പടുത്തുന്നതിനൊപ്പം രണ്ടാംനിര നഗരങ്ങളിലേക്ക് ഐടി മേഖലയുടെ പറിച്ചുനടീലിനുള്ള മാതൃക കൂടിയായി കൊട്ടാരക്കര മാറുകയാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥിയിലേക്ക് കേരളത്തെ നയിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടീലുകളെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ലീപ് സെന്ററിലെ ട്രയിനികൾ തങ്ങളുടെ അനുഭവങ്ങൾ മന്ത്രിയുമായി പങ്കുവച്ചു. കമ്പ്യുട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിലെ ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾക്കുശേഷം ലീപ് സെന്ററിൽ എത്തിയ വിദ്യാർഥികൾ തങ്ങൾ പഠിച്ച കാര്യങ്ങളുടെ പ്രായോഗികത മനസിലാക്കാൻ പരിശീലനം സഹായമാകുന്നതെങ്ങനെയെന്ന് വിവരിച്ചു. പരിശീലനം പുർത്തിയാക്കി സെന്ററിൽതന്നെ പ്രോജക്ട് ഇന്റേണികളായി ചേർന്നവരും അനുഭവങ്ങൾ പങ്കുവച്ചു. അസാപ് സിഇഒ അനുപ് അംബിക, ലീപ് സെന്റർ പ്രോഗ്രാം മാനേജർ മഹേഷ് ബാലൻ, പ്രിൻസിപ്പൽ റിസേർച്ചർ ഡോ. ജയരാജ് പോരൂർ, ഡെവലെപ്പ്മെന്റൽ സൈക്കോളജിസ്റ്റഎ ബാബു മാത്യു എന്നിവരും പങ്കെടുത്തു.