കൊട്ടാരക്കര : കെ എസ് എഫ് ഇ യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഫണ്ട് ഉപയോഗിച്ച് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ലാംഗേജ് ലാബ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ആർ പ്രദീപ് സ്വാഗതം പറഞ്ഞു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൻ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷൻ കെ ഉണ്ണിക്കൃഷ്ണമേനോൻ, കെ എസ് എഫ് ഇ റീജിയണൽ മാനേജർ ബിജി എസ് ബഷീർ, സ്കൂൾ പി ടി എ പ്രസിഡൻ്റ് ബി വേണുഗോപാൽ, വൈസ് പ്രസിഡന്റ് എം ബി പ്രകാശ്, എസ് എം സി ചെയർമാൻ പി കെ വിജയകുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ എൻ നിഷ, പ്രധാനാധ്യാപകൻ ശശിധരൻപിള്ള, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 7.25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ ലാംഗ്വേജ് ലാബ് സൗകര്യം ഒരുക്കിയത്.
കുളക്കട, കൊട്ടാരക്കര, പുത്തൂർ, മുട്ടറ ഗവ. എച്ച്എസ്എസ് ആൻ്റ് വിഎച്ച്എസ്എസുകൾ, പെരുങ്കുളം ഗവ. പിവി എച്ച്എസ്എസ്, കുഴിമതിക്കാട് ഗവ. എച്ച്എസ്എസ് എന്നീ ആറ് സ്കൂളുകളിലാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ ലാംഗ്വേജ് ലാബുകൾ സ്ഥാപിച്ചത്. വിവിധ ഭാഷകൾ ഉപയോഗിച്ച് അനായാസേനയുള്ള ആശയവിനിമയത്തിനുള്ള കഴിവ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാംഗേജ് ലാബുകൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും പഠിക്കുന്നതിനും, ജോലി നേടുന്നതിനും വിവിധ ഭാഷാ പ്രാവിണ്യം സഹായകരമാകും. മലയാളം ഇംഗ്ലീഷ് ആക്കാതെ, ഇംഗ്ലീഷിൽ തന്നെ ചിന്തിച്ചു ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് വിദ്യാർത്ഥികളിൽ വളർത്തിയെ ടുക്കാനാകും. സോഫ്റ്റ് വെയർ സഹായത്തോടെ രൂപപ്പെടുത്തിയിട്ടുള്ള മൂന്ന് തട്ടിലെ കോഴ്സുകൾ വഴി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരാക്കും. ഇതുവഴി ഐഇഎൽടിഎസ്, ടോഫൽ തുടങ്ങിയ പരീക്ഷകൾ അനായാസേന മറികടക്കാനാകും. അദ്ധ്യാപകർക്ക് ഭാഷ എളുപ്പം പഠിപ്പിക്കുന്നതിനും പഠനത്തിൽ കുട്ടികളുടെ പുരോഗതിയും മികവും കൃത്യമായി മനസിലാകുമെന്നതാണ് പ്രത്യേകത. ഓരോ കുട്ടിയും പഠനത്തിന്റെ ഭാഗമാകുന്നു. ഓരോരുത്തരുടെയും മികവ് വിലയിരുത്താനുമാകും. പൂർണമായും ശീതീകരണസംവിധാനമുള്ള ലാബുകളിൽ 16 വീതം ലാപ്ടോപ്പുകൾ, ഒരു എൽ സി ഡി പ്രൊജക്ടർ, അനുബന്ധ സൗകര്യങ്ങളും പഠന സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.