കൊട്ടാരക്കര : ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് ജയിൽ മോചിതരായ സിപിഐ എം പ്രവർത്തകർക്ക് സ്വീകരണം നല്കി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എൻ ബേബി, കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ജയകുമാർ, കെ ആർ ശ്രീകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അരുൺദേവ്, വ്യാപാരി വ്യവസായ സമിതി ഏരിയ പ്രസിഡന്റ് കല്യാണി സന്തോഷ്, സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരായ നൈസാം, നഹാസ്, ദീപു, ദിലീപ് തോമസ് എന്നിവർക്കാണ് സിപിഐ എം ഏരിയ കമ്മിറ്റി സ്വീകരണം നല്കിയത്. അബ്ദുൾ മജീദ് സ്മാരക മന്ദിരാങ്കണത്തിൽ ചേർന്ന സ്വീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സി മുകേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ ജോൺസൻ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ വി രവീന്ദ്രൻനായർ, എസ് ആർ രമേശ്, പി ടി ഇന്ദുകുമാർ എന്നിവർ സംസാരിച്ചു. സോളാർ സമരവുമായി ബന്ധപ്പെട്ട് 2013 ജൂലൈ 12ന് കൊട്ടാരക്കരയിൽ നടന്ന സംഘർഷത്തെ തുടർന്നാണ് പതിനൊന്ന് സിപിഐ എം പ്രവർത്തകരെ കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. സെഷൻസ് കോടതി വിധിക്കെതിരെ നല്കിയ അപ്പീലിലാണ് ജാമ്യ വ്യവസ്ഥയിൽ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിച്ചത്.
സോളാർ സമരത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും കൊടിക്കുന്നിൽ സുരേഷ് എംപിക്കും അഭിവാദ്യം അർപ്പിച്ച കൊട്ടാരക്കരയിൽ കോൺഗ്രസ് നടത്തിയ പ്രകടനം അക്രമാസക്തമാകുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നഗരത്തിൽ സ്ഥാപിച്ചിരുന്ന സി പി ഐ എമ്മിൻ്റേയും ബഹുജന സംഘടനകളുടെയും ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും കൊടിമരങ്ങളും യുഡിഎഫ് പ്രവർത്തകർ വ്യാപകമായി നശിപ്പിക്കുകയായിരുന്നു. ഏരിയ കമ്മിറ്റി ആഫീസായ അബ്ദുൾ മജീദ് സ്മാരക മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സി പി ഐ എമ്മിൻ്റെ വലിയ ബോർഡ് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിരോധിച്ച സി പി ഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും പാർട്ടി ഏരിയാ കമ്മിറ്റി ആഫീസിലേക്കും കല്ലെറിഞ്ഞ് പ്രകടനക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് സിപി ഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ മാർത്തോമ്മ ഹൈസ്കൂളിന് സമീപം വച്ച് വീണ്ടും ആക്രമിക്കുകയും അത് സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു. അന്ന് ഭരണസ്വാധീനം ഉപയോഗിച്ചും കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടീലിനെ തുടർന്നുമാണ് സിപിഐ എം പ്രവർത്തകർക്കെതിരെ അനാവശ്യ വകുപ്പുകൾ ചുമത്തി കേസെടുത്തത്.