തൃശൂര്‍: ചേലക്കരയില്‍ രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍ കലാമണ്ഡലം പരിസരത്ത് വച്ച് കുളപ്പുള്ളി സ്വദേശികളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. പണത്തിന് കൃത്യമായ രേഖകള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇന്‍കം ടാക്സ് അധികൃതരും വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാവിലെ വാഹനം പരിശോധിച്ച് പണം പിടിച്ചെടുത്തത്. കാറിന്റെ പിന് ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു പണം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ബിള്‍ വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണന്നാണ് കാറിലുണ്ടായിരുന്നവര്‍ പറഞ്ഞത്. പണം ബാങ്കില്‍ നിന്ന് പിന്‍വലിച്ചതിന്റെ രേഖകള്‍ ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത്രയും വലിയ തുക കൈവശം വയ്ക്കുന്നത് നിയമപരമല്ല എന്ന് കാണിച്ച് പണം പിടിച്ചെടുക്കാനുള്ള നടപടികള്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. നിലവില്‍ പൊലീസ് മഹസര്‍ തയ്യാറാക്കുകയാണ്. അതിന് ശേഷമാകും നടപടി. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മണ്ഡലത്തില്‍ നിന്ന് പണം കണ്ടെത്തുന്നത്.